1980-കൾ മുതൽ 2000-ത്തിൻ്റെ തുടക്കം വരെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇന്ത്യയിൽ വിറ്റഴിച്ച പ്രീമിയം സെഡാൻ ആയിരുന്നു കോണ്ടസ. കമ്പനിയുടെ അന്നത്തെ ജനപ്രിയ മോഡലായ അംബാസഡറിനേക്കാൾ മുകളിലായിരുന്നു കോണ്ടസ്സയുടെ സ്ഥാനം. എല്ലാ വാഹന പ്രേമികളുടെ നെഞ്ചിലും കൊത്തിവെയ്ക്കപ്പെട്ട ഒരു പേരായിരുന്നു കോണ്ടസ.
പ്രൗഡിയുടെ സിംമ്പൽ ആയും യുവാക്കളുടെ ഹരമായും മാറിയ വാഹനമായിരുന്നു കോണ്ടസ. ഷോറൂം കണ്ടീഷൻ കോണ്ടസകൾ നമ്മൾക്ക് ഇന്നും നിരത്തുകളിൽ കാണാൻ കഴിയും. തങ്ങളുടെ കോണ്ടസ ബ്രാൻഡ് എസ്ജി കോർപ്പറേറ്റ് മൊബിലിറ്റിക്ക് വിറ്റിരിക്കുകയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്.
എത്ര രൂപയ്ക്കാണ് തങ്ങളുടെ കോണ്ടസ ബ്രാൻഡ് എസ്ജി കോർപ്പറേറ്റ് മൊബിലിറ്റിക്ക് വിൽക്കുന്നതെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ഇതിനുമുൻപ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കോണ്ടസ ബ്രാൻഡിനെ തിരികെ കൊണ്ടുവരാനൊരുങ്ങുകയാണെന്ന് ഒരു റൂമർ ഉണ്ടായിരുന്നു.
എന്നാൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിലേക്ക് അംബാസഡറെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്നതാണ് സത്യം. രണ്ട് വർഷത്തിനുളളിൽ അത് സാധ്യമാകും എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
ഇപ്പോൾ പിഎസ്എയുടെ ഉടമസ്ഥതയിലാണ് അംബാസഡർ മോണിക്കർ. 80 കോടി രൂപയ്ക്കാണ് അവർ അത് വാങ്ങിയത്. ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റെയും പൂഷോയുടെയും സംയുക്ത സംരംഭമായി അംബാസഡറിന്റെ എഞ്ചിനും വാഹനത്തിൻ്റെ ഡിസൈനുമായി ബന്ധപ്പെട്ട വർക്കുകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ചെന്നൈയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റെ ഒരു നിർമ്മാണ പ്ലാന്റ് ഉണ്ട്. നിലവിൽ സികെ ബിർള ഗ്രൂപ്പിന് കീഴിലാണ് കമ്പനി. പുതിയ എൻജിന്റെ മെക്കാനിക്കൽ, ഡിസൈൻ ജോലികൾ പുരോഗമിച്ച ഘട്ടത്തിലെത്തിയെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഡയറക്ടർ ഉത്തം ബോസ് പറഞ്ഞു.
ഉത്തർപാറയിൽ മറ്റൊരു നിർമ്മാണ പ്ലാന്റും ഉണ്ട്. 2014 സെപ്റ്റംബറിലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഉത്തർപാറ പ്ലാന്റിൽ നിന്ന് അവസാന അംബാസഡർ പുറത്തിറങ്ങിയത്. ആ സമയത്ത്,വാഹന നിർമ്മാതാക്കൾ വലിയ കടത്തിലായിരുന്നു, നമുക്കറിയാവുന്നതുപോലെ,അന്ന് അംബാസഡറിന്റെ വിൽപ്പനയും ഡിമാൻഡും ശരിക്കും വലുതായിരുന്നില്ല. ഒടുവിൽ, ബ്രാൻഡ് നാമം ഗ്രൂപ്പ് പിഎസ്എയ്ക്ക് വിറ്റു.
ഹിന്ദുസ്ഥാൻ മോട്ടോഴ്സും ഒരു അജ്ഞാത യൂറോപ്യൻ കമ്പനിയും ഒപ്പിട്ട ധാരണാപത്രം പ്രകാരം ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഉത്തരപാറ നിർമ്മാണ പ്ലാന്റ് ഉപയോഗിക്കും.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മാണ പ്ലാന്റാണ് ഉത്തരപാറ പ്ലാന്റ്. ജപ്പാനിലെ ടൊയോട്ട പ്ലാന്റിന് ശേഷം ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ നിർമ്മാണ പ്ലാന്റാണിത്. 1948-ൽ ഈ പ്ലാന്റിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയത്. പ്രധാന നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനുമുമ്പ്, ഗുജറാത്തിലെ ഓഖ എന്ന തുറമുഖത്താണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് സ്ഥാപിച്ചത്. അത് കൊണ്ട് തന്നെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന് സ്വതന്ത്ര ഇന്ത്യയേക്കാൾ പഴക്കമുണ്ട്.
ബ്രിട്ടീഷ കാറായ മോറിസ് ഓക്സ്ഫോർഡ് സീരീസ് 3 -നെ അടിസ്ഥാനമാക്കിയുള്ളതാണ് അംബാസഡർ. മൂന്ന് പതിറ്റാണ്ടായി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു അംബാസഡർ. 90-കളുടെ പകുതി വരെ അംബാസഡർ ഒരു സ്റ്റാറ്റസ് സിംബലായി കണക്കാക്കപ്പെട്ടിരുന്നു.
വിപണിയിൽ തന്റേതായ ഒരു അടയാളം സൃഷ്ടിക്കുന്നതിൽ വിജയിച്ചെങ്കിലും, ഇന്ത്യൻ വിപണിയിലേക്കുള്ള മാരുതി സുസുക്കി, ഹ്യുണ്ടായി, ഫോർഡ് തുടങ്ങിയ കമ്പനികളുടെ കടന്നുവരവ് ബ്രാൻഡിന് കടുത്ത വെല്ലുവിളി ഉയർത്തി, അത് താങ്ങാനാകാതെയാണ് അംബാസഡർ വിപണിയിൽ നിന്ന് വിടവാങ്ങിയത്.
If you want to sell your bike or car you can visit Quickbzar.com. QB is a free classified app for buy and sell all vehicles, properties, electronics products, furniture etc