പ്രീമിയം എസ്യുവികളോട് മത്സരിക്കാനെത്തുന്ന പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ജീപ്പ് ഇന്ത്യ. ഈ വര്‍ഷം തന്നെ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. മൂന്നു നിര സീറ്റോടെ, ഇന്ത്യന്‍ വിപണിയില്‍ മെറിഡിയന് എന്നും രാജ്യാന്തര വിപണിയില്‍ കമാന്‍ഡര്‍ എന്നും പേരിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക. തുടക്കത്തില്‍ രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനും പിന്നീട് 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും മെര്ഡിയനുണ്ടാകും.
ബ്രസീലിയന്‍ വിപണിക്കായി എത്തുന്ന കമാന്‍ഡറിന്റെ ചിത്രങ്ങള്‍ ജീപ്പ് ബ്രസീല്‍ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ ഉല്പാദനം ആരംഭിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വാഹനം വില്പനയ്ക്കെത്തിക്കാന് ആണ് ഫിയറ്റ് ക്രൈസ്ലര് ഓട്ടമൊബീലിന്റെ (എഫ്സി?എ) പദ്ധതി. പുതിയ മോഡലുകളുടെ നിര്‍മാണത്തിനായി ഏകദേശം 1870 കോടി രൂപ പുണെയിലെ പ്ലാന്റില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിക്കുന്നു.
മെറിഡിയന് എന്ന പേരില്‍ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്യുവിയിലെ ബോഡി പാനലുകളടക്കം കോംപസില്‍ നിന്നു കടം കൊണ്ടവയാകും. ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തന്‍ മോഡലുകളായ ഗ്രാന്‍ഡ് ചെറോക്കീ എല്‍, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലും. പിന് ടെയില്‍ ഗേറ്റില്‍ തിരശ്ചീനമായി ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാംപുകളുമുണ്ട്.
എസി വെന്റ് ഉള്ള സീറ്റ്, പനോരമിക് സണ്‍റൂഫ്, വലുപ്പമേറിയ ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതല്‍ ആഡംബര പ്രതീതിക്കായി ഉയര്‍ന്ന ഗുണമേന്മയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാവും ഇന്റീരിയര്‍ രൂപകല്പന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവര്‍ക്കു പുറമേ, ക്യാപ്റ്റന്‍ സീറ്റെങ്കില്‍ ആറും ബെഞ്ച് സീറ്റെങ്കില്‍ ഏഴും യാത്രക്കാര്‍ക്ക് ഇടമുണ്ടാവും.
ബ്രസീലിയന്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ എന്ജിന് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോംപസിലെ രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനില്‍ എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എന്‍ജിന്റെ ട്യൂണിങ് എന്നു കരുതുന്നു. ഒന്‍പതു സ്പീഡ്, ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സ് മാത്രമാവും ട്രാന്സ്മിഷന് സാധ്യത.
മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കുമായി ബെല്‍റ്റ് ഡ്രിവണ്‍ സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ബിഎസ്ജി) സഹിതം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്യുവിയെ വികസിപ്പിച്ചത്.